ടുജി ഇടപാടുകള്‍ നടന്നത് പ്രധാനമന്ത്രിയുടെ അറിവോടെ: എ രാജ

0

a raja

ടുജി സ്‌പെക്ട്രം ലേലത്തിലെ വിവാദ ഇടപാടുകള്‍ പ്രധാനമന്ത്രിയുടെ അറിവോടെയാണ് നടന്നതെന്ന് മുന്‍ ടെലികോം മന്ത്രി എ രാജ. സംയുക്ത പാര്‍ലമെന്റി കമ്മറ്റിയുടെ റിപ്പോര്‍ട്ടിനോട് പ്രതികരിക്കവേയാണ് എ രാജ പ്രധാനമന്ത്രിയുടെ പങ്കിനെക്കുറിച്ചുള്ള നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയത്.
കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കപ്പെടണമെന്നും എ രാജ പറഞ്ഞു. സംയുക്ത പാര്‍ലമെന്ററി കമ്മറ്റിക്ക് മുമ്പാകെ നൂറ് പേജുള്ള വിശകരണ റിപ്പോര്‍ട്ട് താന്‍ നല്‍കുമെന്നും എ രാജ കൂട്ടിച്ചേര്‍ത്തു. തന്റെ വിശദീകരണം ലഭിച്ചശേഷം സംയുക്ത പാര്‍ലമെന്ററി കമ്മറ്റി തന്നെ വിളിക്കുമെന്നാണ് കരുതുന്നതെന്ന് രാജ പറഞ്ഞു.
അതേസമയം സംയുക്ത പാര്‍ലമെന്ററി കമ്മറ്റിയുടെ റിപ്പോര്‍ട്ട് ചോര്‍ന്നതിനെ ബിജെപി ചോദ്യം ചെയ്തു. സംഭവം അന്വേഷിക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.
ടു ജി സ്‌പെക്ട്രം ഇടപാടില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനും ധനമന്ത്രി പി ചിദംബരത്തിനും ജെപിസി ഇന്നലെ കഌന്‍ ചിറ്റ് നല്‍കിയിരുന്നു. ഒരുലക്ഷത്തി എഴുപത്താറായിരം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന സിഎജിയുടെ കണ്ടെത്തലിനോട് സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് വിയോജിപ്പും രേഖപ്പെടുത്തി.
സ്‌പെക്ട്രം വിതരണത്തിനായുള്ള നയത്തിലെ മാറ്റങ്ങളെപ്പറ്റി എ രാജ പ്രധാനമന്ത്രിയെ അറിയിച്ചില്ലെന്നും തീരുമാനത്തില്‍ മുഖ്യപങ്ക് രാജയ്ക്കാണെന്നും ജെപിസി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഈ റിപ്പോര്‍ട്ടിനെതിരെ റിപ്പോര്‍ട്ട് ജെപിസിയുടേത് അല്ലെന്നും കോണ്‍ഗ്രസ് റിപ്പോര്‍ട്ട് ആണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. രാജയുടെ വാദം കേള്‍ക്കാതെയാണ് രാജ മാത്രമാണ് കുറ്റക്കാരനെന്ന നിലപാട് ജെപിസി സ്വീകരിച്ചതെന്ന് ഡിഎംകെ ആരോപിച്ചു.

(Visited 7 times, 1 visits today)