ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തി കടന്നു

0

chineese army
കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് കടന്നുകയറ്റം. ദൗലത് ബേഗ് ഓള്‍ഡി സെക്ടറില്‍ ഇന്ത്യന്‍ അതിര്‍ത്തികടന്നു 10 കിലോമീറ്റര്‍ ഉള്ളില്‍ ചൈനീസ് സൈനികര്‍ താവളമടിച്ചതായി കണ്ടെത്തി. ഇതിന് 500 മീറ്റര്‍ അകലെ ഇന്ത്യന്‍ സൈന്യത്തെ സജ്ജമായി നിലയുറപ്പിച്ചിട്ടുണ്ട്.

അതിര്‍ത്തിയിലെ സൈനിക കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നു നയതന്ത്ര തലത്തില്‍ ഇരു രാജ്യങ്ങളും ചര്‍ച്ചതുടങ്ങി. ഈ!മാസം 15നു രാത്രി അതിര്‍ത്തികടന്നു ബുര്‍ത്തെ എന്ന സ്ഥലത്തു താല്‍ക്കാലിക പോസ്റ്റുകള്‍ സ്ഥാപിച്ച ഒരു പ്ലാറ്റൂണ്‍ സൈനികര്‍ (ചൈനീസ് സേനയില്‍ അന്‍പതു പേര്‍) രണ്ടു ഹെലികോപ്റ്ററുകളുടെ അകമ്പടിയോടെയാണു കയ്യേറ്റം നടത്തിയത്.

17,000 അടി ഉയരത്തിലുള്ള പ്രദേശമാണിത്. 17നു ലഡാക് സ്‌കൗട്‌സിന്റെ അഞ്ചാം ബറ്റാലിയനെ ഇന്ത്യ അവിടേക്കു നിയോഗിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടപ്രകാരം 18നു ചുഷൂലില്‍ ഫ്‌ലാഗ് മീറ്റ് നടത്തി. ഇന്ത്യന്‍ പ്രദേശത്തു കടന്നുകയറിയതായി ഇന്ത്യന്‍ സേനയുടെ കമാന്‍ഡര്‍ ചൂണ്ടിക്കാട്ടിയെങ്കിലും തങ്ങളുടെ ഭൂമിയിലാണു സൈനികര്‍ ക്യാമ്പ് ചെയ്യുന്നതെന്നു ചൈനീസ് കമാന്‍ഡര്‍ അവകാശപ്പെട്ടു.

അതിര്‍ത്തി പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളും പ്രത്യേക സംവിധാനത്തിനു നേരത്തേ രൂപംനല്‍കിയിട്ടുണ്ടെന്നും അതുവഴി പ്രശ്‌നം തീര്‍ക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായും ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് വക്താവ് സയിദ് അക്ബറുദ്ദീന്‍ പറഞ്ഞു. അതിര്‍ത്തി പ്രശ്‌നം അപ്പപ്പോള്‍ ചര്‍ച്ചചെയ്തു പരിഹരിക്കുന്നതിനായി മുന്‍ ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബാവോയുടെ താല്‍പര്യത്തില്‍ ഇരുരാജ്യങ്ങളുടെയും പ്രതിനിധികളടങ്ങിയ സമിതി രൂപീകരിച്ചിരുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ദക്ഷിണേഷ്യന്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ജോയിന്റ് സെക്രട്ടറിയും ചൈനീസ് വിദേശകാര്യ മന്ത്രാലയത്തില്‍ അതിര്‍ത്തികാര്യങ്ങള്‍ക്കായുള്ള ഡയറക്ടര്‍ ജനറലുമാണ് ഇരുപക്ഷത്തുനിന്നു നിയോഗിക്കപ്പെട്ടിട്ടുള്ളത്. കടന്നുകയറ്റത്തെപ്പറ്റി ചൈനയുടെ പ്രതിരോധവകുപ്പോ വിദേശകാര്യവകുപ്പോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

(Visited 1 times, 1 visits today)