കൊലക്കേസില്‍ പ്രതിയ്ക്ക് സാക്ഷിയായി എത്തിയത് സിബിഐ ഉദ്യോഗസ്ഥന്‍

0

0_600_800_http-__i.haymarket.net.au_news_court_36328201
അപ്രാണി കൃഷ്ണകുമാര്‍ കൊലക്കേസില്‍ പ്രതി ഓംപ്രകാശിന് സാക്ഷിയായി എത്തിയത് സിബിഐ ഉദ്യോഗസ്ഥന്‍. ഇക്കഴിഞ്ഞ ഫെബ്രുവരി ആറിനാണ് കോടതി അംഗീകാരത്തോടെ ഒന്‍പതാം പ്രതിയും ഗുണ്ടാനേതാവുമായ ഓംപ്രകാശിന്റെ സാക്ഷിയായി സിബിഐ എഎസ്പി നന്ദകുമാര്‍ നായര്‍ എത്തിയത്.
പോള്‍ എം ജോര്‍ജ് വധക്കേസില്‍ കേരള പൊലീസ് തന്നെ അകാരണമായി പ്രതിയാക്കി. സിബിഐ അന്വേഷിച്ചപ്പോള്‍ നിരപരാധിത്വം വ്യക്തമായി. അപ്രാണി കൃഷ്ണകുമാര്‍ കൊലക്കേസിലും ഈ വൈരാഗ്യബുദ്ധി മൂലമാണ് കേരള പൊലീസ് തന്നെ പ്രതിയാക്കിയതെന്ന് സ്ഥാപിക്കുകയായിരുന്നു ഓംപ്രകാശിന്റെ ബുദ്ധി. ഇതിനായാണ് പോള്‍ എം ജോര്‍ജ് കേസില്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന നന്ദകുമാര്‍ നായരെ വിസ്തരിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ചാണ് എഎസ്പി നന്ദകുമാര്‍ നായരെ വിളിച്ചുവരുത്തിയത്.

പോള്‍ എം ജോര്‍ജ് കേസില്‍ ഓംപ്രകാശിനെ പ്രതിചേര്‍ക്കാന്‍ കേരള പൊലീസ് ശേഖരിച്ച തെളിവുകളെക്കുറിച്ചും തന്റെ അന്വേഷണത്തില്‍ ഓംപ്രകാശിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചും വിശദീകരിച്ച എഎസ്പിയുടെ വാദങ്ങള്‍ ഒരുഘട്ടം പിന്നിട്ടപ്പോള്‍, കോടതി പോലും ആശയക്കുഴപ്പം പ്രകടിപ്പിച്ചു. കേരള പൊലീസും സിബിഐയും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നുതന്നെ ജഡ്ജി ചോദ്യം ഉന്നയിച്ചു.

2007ലെ അപ്രാണി കൃഷ്ണകുമാര്‍ കൊലക്കേസിന് പിന്നാലെ നാടുവിട്ട ഓംപ്രകാശ് പിന്നീട് ഒളിവിലായിരുന്നുവെന്നും 2010ലെ പോള്‍ എം ജോര്‍ജ് വധത്തിന് തൊട്ടുമുന്‍പാണ് തിരിച്ചെത്തിയതെന്നും പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അക്കാര്യങ്ങള്‍ തനിക്ക് അറിയില്ല എന്നായിരുന്നു സിബിഐ ഉദ്യോഗസ്ഥന്റെ നിലപാട്.

ഓംപ്രകാശിന് എതിരായി ഒരുഘട്ടത്തിലും മൊഴി നല്‍കാന്‍ തയ്യാറാകാതിരുന്ന സിബിഐ ഉദ്യോഗസ്ഥന്റെ വാദങ്ങള്‍ പക്ഷെ ക്രോസ് വിസ്താരത്തിനൊടുവില്‍ പ്രോസിക്യുഷന് അനുകൂലമായി മാറി. ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഗുണ്ടാനേതാവിന്റെ സാക്ഷിയായി സിബിഐ എഎസ്പി നേരിട്ടെത്തി മൊഴി നല്‍കിയത്.

 

(Visited 7 times, 1 visits today)