കേരളാ കോണ്‍ഗ്രസില്‍ പോര്; തിരുവല്ല കൈയടക്കാന്‍ കോണ്‍ഗ്രസും

0

നിയമസഭാ സീറ്റിനു വേണ്ടി കേരളാ കോണ്‍ഗ്രസ്‌ (എം) -ല്‍ പോരു മുറുകുന്നതിനിടെ തിരുവല്ല പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്‌ രംഗത്ത്‌. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്റെ അനുഗ്രഹാശിസുകളോടെ കോണ്‍ഗ്രസ്‌ തുടങ്ങിവച്ച നീക്കത്തിന്റെ ഭാഗമായി ഇന്നലെ ചേര്‍ന്ന മണ്ഡലം കമ്മിറ്റി തിരുവല്ലയ്‌ക്ക്‌ അവകാശവാദം ഉന്നയിച്ചു. പാര്‍ട്ടിയിലെ സകല ഗ്രൂപ്പുകളും ഒറ്റക്കെട്ടായി നിന്നാണ്‌ ആവശ്യം ഉന്നയിച്ചതെന്നതും ശ്രദ്ധേയമാണ്‌. സീറ്റ്‌ വിട്ടുകിട്ടിയാല്‍ പി.ജെ. കുര്യനോ ജില്ലാ പഞ്ചായത്ത്‌ മുന്‍ പ്രസിഡന്റ്‌ ഡോ. സജി ചാക്കോയോ മത്സരിക്കും. തിരുവല്ലയ്‌ക്കു പകരം റാന്നി മാണിഗ്രൂപ്പിന്‌ വിട്ടു കൊടുക്കാന്‍ കോണ്‍ഗ്രസ്‌ ഒരുക്കമാണ്‌. സീറ്റ്‌ തങ്ങള്‍ക്ക്‌ വിട്ടുകിട്ടണമെന്ന ആവശ്യവുമായി യു.ഡി.എഫ്‌ നേതൃത്വത്തെ സമീപിക്കാന്‍ ഇന്നലെ ചേര്‍ന്ന നിയോജക മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. കേരളാ കോണ്‍ഗ്രസ്‌ (എം) നേതാവായിരുന്ന മാമന്‍ മത്തായിയുടെ മരണശേഷം ഒരു തവണ മാത്രമാണ്‌ തിരുവല്ലയില്‍ യു.ഡി.എഫിന്‌ വിജയിക്കാനായത്‌. ഉപതെരഞ്ഞെടുപ്പില്‍ മാമ്മന്‍ മത്തായിയുടെ ഭാര്യ എലിസബത്തിനായിരുന്നു വിജയം. അതിന്‌ ശേഷം നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും കേരളാ കോണ്‍ഗ്രസ്‌ (എം) സ്‌ഥാനാര്‍ഥി പാര്‍ട്ടി ജില്ലാ പ്രസിഡന്റ്‌ വിക്‌ടര്‍ ടി. തോമസ്‌ ആയിരുന്നു. ആദ്യ തവണ റിബല്‍ മൂലം വിക്‌ടര്‍ തോറ്റു. കഴിഞ്ഞ തവണ ജോസഫ്‌ എം. പുതുശേരിക്ക്‌ സീറ്റ്‌ നല്‍കാതെ പോയതും വിക്‌ടറിന്‌ തിരിച്ചടിയായി. രണ്ടു തവണയും വിജയിച്ചത്‌ സോഷ്യലിസ്‌റ്റ്‌ ജനതാ നേതാവ്‌ മാത്യു ടി. തോമസായിരുന്നു. ഇത്തവണ സീറ്റിനായി മാണി ഗ്രൂപ്പില്‍ ഒരുപിടി നേതാക്കള്‍ രംഗത്തുണ്ട്‌. പുതുശേരിയും വിക്‌ടറും തമ്മിലാണ്‌ നേര്‍ക്കുനേരെ മത്സരിക്കുന്നത്‌. ഇവര്‍ തമ്മിലുള്ള മത്സരത്തിനിടെ ഒത്തുതീര്‍പ്പ്‌ സ്‌ഥാനാര്‍ഥിയായി രംഗത്തു വരാമെന്ന കണക്കുകൂട്ടലില്‍ മുന്‍ നഗരസഭാ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്‌ക്കലും പ്രതീക്ഷയിലാണ്‌. തിരുവല്ലയില്‍ പുതുശേരി സ്‌ഥാനാര്‍ഥിയാകുന്നതില്‍ പി.ജെ. കുര്യന്‌ എതിര്‍പ്പുണ്ട്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌. സംവിധാനത്തിന്റെ ഭാഗമായിരുന്നു കൊണ്ട്‌ പുതുശേരി എതിരായി പ്രവര്‍ത്തിച്ചുവെന്നതാണ്‌ കുര്യന്റെ എതിര്‍പ്പിന്‌ കാരണം. സ്‌ഥാപിത നേട്ടങ്ങള്‍ക്കായി മുന്നണി സംവിധാനത്തെ എതിര്‍ത്ത പുതുശേരിക്ക്‌ ജില്ലയില്‍ മറ്റൊരിടത്തും സീറ്റ്‌ കൊടുക്കരുതെന്ന നിലപാടിലാണ്‌ പി.ജെ. കുര്യന്‍. പുതുശേരി ജയിച്ചു വന്നാല്‍ മണ്ഡലത്തില്‍ തനിക്കുള്ള പ്രാമുഖ്യം നഷ്‌ടപ്പെടുമെന്ന്‌ ഭയന്നാണ്‌ കുര്യന്‍ എതിര്‍ക്കുന്നതെന്നാണ്‌ മാണി ഗ്രൂപ്പില്‍ ഒരു വിഭാഗം പറയുന്നത്‌. എന്തായാലും കുര്യന്റെ അനുഗ്രഹാശിസുകളോടെയാണ്‌ ഇന്നലെ കോണ്‍ഗ്രസ്‌ യോഗം ചേര്‍ന്നത്‌. ജനാധിപത്യ ചേരിക്ക്‌ മുന്‍തൂക്കമുളള മണ്ഡലം കഴിഞ്ഞ രണ്ട്‌ തെരഞ്ഞെടുപ്പിലും കേരളാ കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങളും റിബല്‍ പ്രശ്‌നവും മൂലം നഷ്‌ടപ്പെടുത്തിയെന്ന്‌ യോഗം അംഗീകരിച്ച പ്രമേയം കുറ്റപ്പെടുത്തി. കേരളത്തില്‍ ഐക്യ ജനാധിപത്യ മുന്നണിയുടെ തുടര്‍ഭരണത്തിന്‌ ഇത്തവണ തിരുവല്ല സീറ്റ്‌ കോണ്‍ഗ്രസ്‌ ഏറ്റെടുക്കണമെന്ന്‌ കോണ്‍ഗ്രസ്‌ നിയോജക മണ്ഡലം നേതൃയോഗം കെ.പി.സി.സി. നേതൃത്വത്തോടും യു.ഡി.എഫ്‌. നേതൃത്വത്തോടും ആവശ്യപ്പെട്ടു. തിരുവല്ല ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ രാജേഷ്‌ ചാത്തങ്കരി അവതരിപ്പിച്ച പ്രമേയം മല്ലപ്പള്ളി ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ പ്രസാദ്‌ ജോര്‍ജ്‌ പിന്താങ്ങി. യോഗം കെ.പി.സി.സി. എക്‌സിക്യൂട്ടീവ്‌ അംഗം പ്രഫ. സതീഷ്‌ കൊച്ചുപറമ്പില്‍ ഉദ്‌ഘാടനം ചെയ്‌തു. കേരളാ കോണ്‍ഗ്രസിന്റെ ഇ. ജോണ്‍ ജേക്കബിനേയും പ്രഫ. എ.ടി. ശാമുവലിനേയും വിജയിപ്പിച്ചിട്ടുള്ള തിരുവല്ല ഇന്നത്തെ സാഹചര്യത്തില്‍ എന്തു കൊണ്ടും കോണ്‍ഗ്രസിന്‌ പാകപ്പെട്ട നിലയിലാണെന്നാണ്‌ നേതാക്കള്‍ വിലയിരുത്തുന്നത്‌. കഴിഞ്ഞ തവണയും അതിനു മുന്‍പും നല്ല മാര്‍ജിനിലാണ്‌ മാത്യു ടി. തോമസിനോട്‌ വിക്‌ടര്‍ ടി.തോമസ്‌ പരാജയപ്പെട്ടത്‌. അടുത്ത കാലത്ത്‌ കേരളാ കോണ്‍ഗ്രസിന്റെ പല പരിപാടികളിലും ജോസഫ്‌ എം. പുതുശേരിയും ജില്ലാ പ്രസിഡന്റായ വിക്‌ടര്‍ ടി. തോമസുമായുള്ള പോര്‌ പ്രകടമായിരുന്നു. മന്ത്രിസ്‌ഥാനം രാജിവച്ച്‌ പാലായിലേക്ക്‌ പുറപ്പെട്ട മാണിക്ക്‌ തിരുവല്ലയില്‍ നല്‍കിയ സ്വീകരണത്തിലും കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നടന്ന യു.ഡി.എഫ്‌ ജില്ലാ കണ്‍വന്‍ഷനിലും ജോസഫ്‌ എം. പുതുശേരിക്കെതിരേ സംസാരിക്കാന്‍ വിക്‌ടര്‍ മുതിര്‍ന്നതിലൂടെ ഇവരുടെ പരസ്‌പര മത്സരം മറനീക്കിയിരുന്നു. ഈ സാഹചര്യത്തില്‍ രണ്ടു പേരില്‍ ആര്‍ക്ക്‌ സീറ്റ്‌ നല്‍കിയാലും യു.ഡി.എഫിനുള്ളില്‍ ചോര്‍ച്ചയുണ്ടായി പരാജയം ആവര്‍ത്തിക്കുമെന്ന വാദത്തിന്‌ ശക്‌തി കൂടി. ഇതോടെയാണ്‌ പുതിയ തന്ത്രങ്ങളിലേക്ക്‌ കോണ്‍ഗ്രസ്‌ നേതൃത്വം നീങ്ങുന്നത്‌. ഇതേ സമയം തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കുറ്റൂര്‍ പഞ്ചായത്തില്‍ ബി.ജെ.പിയെ അധികാരത്തില്‍ എത്തിക്കാന്‍ വിക്‌ടര്‍ നടത്തിയ നീക്കം പല പഞ്ചായത്തിലും കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥികള്‍ക്ക്‌ പരാജയമുണ്ടാക്കിയെന്നും ആരോപണമുണ്ട്‌. മണ്ഡലത്തിനു കീഴില്‍ പത്ത്‌ പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയുമാണുള്ളത്‌. ഇവയില്‍ ഭുരിപക്ഷവും കോണ്‍ഗ്രസിനൊപ്പമാണന്നാണ്‌ നേതാക്കളുടെ അവകാശ വാദം. ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ്‌ യോഗത്തില്‍ ഡോ. സജി ചാക്കോ,അഡ്വ. റെജി തോമസ്‌, ലാലു തോമസ്‌, ഏബ്രഹാം കുന്നുകണ്ടത്തില്‍ കോശി പി. സക്കറിയ, സതീഷ്‌ ചാത്തങ്കേരി, മാത്യു ചാമത്തില്‍ ടി.കെ. സജീവ്‌, അനില്‍ കെ.വര്‍ഗീസ്‌, സുരേഷ്‌ ബാബു പാലാഴി, റെജി തര്‍ക്കോലി, റീനി കോശി, രാജു പുളിമൂട്ടില്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.വി. വര്‍ഗീസ്‌, കുരുവിള ജോര്‍ജ്‌, ആര്‍. ജയകുമാര്‍, കെ.ഇ. ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

(Visited 1 times, 1 visits today)