കിങ്‌സ്‌ ഇലവന്‍ പഞ്ചാബിന്‌ ജയം

0

kk-247
ഐപിഎല്ലില്‍ ഇന്നലെ ആദ്യ മല്‍സരത്തില്‍ പുണെ വോറിയേഴ്‌സിനെതിരെ കിങ്‌സ്‌ ഇലവന്‍ പഞ്ചാബിന്‌ ഉജ്‌ജ്വല ജയം. എട്ട്‌ വിക്കറ്റിനാണ്‌ കിങ്‌സ്‌, വോറിയേഴ്‌സിനെ തകര്‍ത്തത്‌. 100 റണ്‍സ്‌ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ്‌ ഏഴ്‌ ഓവറും നാലു പന്തും ശേഷിക്കെ ലക്ഷ്യത്തിലെത്തി.

പുണെയ്‌ക്ക്‌ തൊട്ടതെല്ലാം പിഴച്ചദിനം. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ മനീഷ്‌ പാണ്ഡെയുടെ വിക്കറ്റ്‌ വീണു. പ്രവീണ്‍ കുമാറാണ്‌ പാണ്ഡെയെ പുറത്താക്കിയത്‌.

എന്നാല്‍ റോബിന്‍ ഉത്തപ്പ പ്രതീക്ഷ നല്‍കി കുതിച്ചു. അഞ്ചാം ഓവറില്‍ ആറ്‌ റണ്‍സെടുത്ത ടി.സുമനെ അസ്‌്‌ഹര്‍ മെഹ്‌മൂദ്‌ പ്രവീണ്‍ കുമാറിന്റെ കൈകളിലെത്തിച്ചു. പിന്നെ ഡ്രസിങ്‌ റൂമിലേക്ക്‌ നിലയ്‌ക്കാത്ത പ്രവാഹം. സാമുവല്‍സും ഉത്തപ്പയും മാത്യൂസും ടെയ്‌�റും മടങ്ങി. പിന്നീടെത്തിയ അഭിഷേക്‌ നായരുടെയും മിച്ചല്‍ മാര്‍ഷിന്റെയും ബാറ്റിങ്ങാണ്‌ പുണെയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്‌.

അഭിഷേക്‌ 25ഉം മാര്‍ഷ്‌ 15ഉം റണ്‍സെടുത്തു. അവസാനം പുണെ സ്‌കോര്‍ ഒന്‍പത്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 99. കിങ്‌സ്‌ ഇലവനായി പ്രവീണ്‍ കുമാറും അസ്‌ഹര്‍ മഹ്‌മൂദും രണ്ട്‌ വീതം വിക്കറ്റ്‌ വീഴ്‌ത്തി.

വളരെ ചെറിയ സ്‌കോറിലേക്ക്‌ ലക്ഷ്യംവച്ച കിങ്‌സ്‌, തുടക്കം മുതല്‍ ആക്രമിച്ചു. ഗില്‍ക്രിസ്‌റ്റ്‌ പഴയകാല പ്രകടനം ഒരിക്കല്‍ കൂടി ഓര്‍മയില്‍ കൊണ്ടുവന്നു. ഒരു സിക്‌സും രണ്ട്‌ ഫോറുമായി മുന്നേറിയ ഗില്ലിയെ മാത്യൂസ്‌ വീഴ്‌ത്തി. 15 റണ്‍സുമായി നായകന്‍ മടങ്ങിയെങ്കിലും മന്‍ദീപ്‌ സിങ്ങും മനന്‍ വോഹ്‌റയും തകര്‍ത്തടിച്ചതോടെ ലക്ഷ്യംകുറഞ്ഞു. ഇടയ്‌ക്ക്‌ 31 റണ്‍സെടുത്ത്‌ മന്‍ദീപ്‌ മടങ്ങിയെങ്കിലും ജയം ഉറപ്പാക്കിയിരുന്നു പഞ്ചാബ്‌. മനന്‍ വോഹ്‌റ 43 റണ്‍സെടുത്തും ഡേവിഡ്‌ ഹസി എട്ട്‌ റണ്‍സെടുത്തും പുറത്താകാതെ നിന്നു.

(Visited 1 times, 1 visits today)