കര്‍ണാടകയില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം തുടങ്ങി

0

ktn
കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം തുടങ്ങി. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥികളായി പരിഗണിക്കുന്ന സിദ്ധരാമയ്യ, പരമേശ്വര തുടങ്ങിയവര്‍ പത്രിക സമര്‍പ്പിച്ചു. എന്നാല്‍ ബിജെ.പിയിലെ പ്രമുഖര്‍ ആരും ഇതുവരെ പത്രിക സമര്‍പ്പിച്ചിട്ടില്ല.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഗതിവേഗം കുറച്ച കോണ്‍ഗ്രസിലെ പത്രികാസമര്‍പ്പണം അതിവേഗത്തിലാണ്. മൈസൂരിലെ വരുണ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കുന്ന സിദ്ധരാമയ്യയും കൊരട്ടകരയില്‍ നിന്ന് ജനവിധി തേടുന്ന കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ പരമേശ്വരയും ഇതിനകം പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. ഇവര്‍ മണ്ഡലത്തില്‍ പ്രചരണവും ആരംഭിച്ചു.

പ്രചരണം നേരത്തെ തുടങ്ങിയ ബിജെപിയിലെ പ്രമുഖര്‍ ആരും തന്നെ പത്രിക സമര്‍പ്പിച്ചിട്ടില്ല. മുന്‍ മുഖ്യമന്ത്രിയും നിലവില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ ജഗദീഷ് ഷെട്ടാര്‍ ഹുഗ്ലിയില്‍ നിന്നും ജനവിധി തേടുന്നു. മുന്‍ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പ ഷിമോഗയില്‍ നിന്നും മറ്റൊരു ഉപമുഖ്യമന്ത്രിയായിരുന്ന ആര്‍.അശോക് പത്മനാഭ നഗറില്‍ നിന്നുമാണ് ജനവിധി തേടുന്നത്.

സ്പീക്കറായിരുന്ന കെ.ജി. ബൊപ്പയ്യ വിരാജ്‌പേട്ടയില്‍ നിന്നാണ് മല്‍സരിക്കുന്നത്. ശിക്കാരിപുരയില്‍ മല്‍സരിക്കുന്ന മുന്‍ മുഖ്യമന്ത്രി യെഡിയൂരപ്പയും രാമനഗറില്‍ മല്‍സരിക്കുന്ന ജെ.ഡി യു സ്ഥാനാര്‍ഥി കുമാരസ്വാമിയും പ്രചരണം തുടങ്ങിക്കഴിഞ്ഞു. നാളെയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. മറ്റന്നാളാണ് സൂക്ഷ്മ പരിശോധന.

 

(Visited 1 times, 1 visits today)