എബി രക്തഗ്രൂപ്പാണോ ? നിങ്ങള്‍ക്ക് മറവിരോഗം ബാധിക്കാന്‍ സാധ്യത കൂടുതല്‍

0

വാര്‍ധക്യ സംബന്ധമായ രോഗാവസ്ഥകളില്‍ പ്രധാനമാണ് ഡിമന്‍ഷ്യ അഥവാ മറവിരോഗം. പുതിയ പഠനങ്ങള്‍ പ്രകാരം എബി രക്തഗ്രൂപ്പുകാരില്‍ മറവിരോഗം ബാധിക്കാന്‍ സാധ്യത കൂടുതലാണെന്ന് വ്യക്തമാക്കുന്നു. മറ്റു രക്തഗ്രൂപ്പുകാരില്‍ കാണുന്നതിനേക്കാള്‍ രോഗസാധ്യത എബി വിഭാഗക്കാരിലുള്ളതായാണ് പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ന്യൂറോളജി ജേര്‍ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. നേരത്തെ നടത്തിയ പഠനങ്ങളില്‍ ഒ ഗ്രൂപ്പ് രക്തമുള്ളവരില്‍ ഹൃദ്രോഹത്തിനും സ്ട്രോക്കിനും സാധ്യത കുറവാണെന്ന് കണ്ടെത്തിയിരുന്നു.

ആഹാരനിയന്ത്രണവും കൃത്യമായ വ്യായാമവും പുകവലി ഉപേക്ഷിക്കുകയും ചെയ്താല്‍ ഒരുപരിധി വരെ രോഗ സാധ്യത അകറ്റിനിര്‍ത്താന്‍ കഴിയും. 45 വയസിനു മുകളില്‍ പ്രായമുള്ള 30,000 പേരില്‍ മൂന്നു വര്‍ഷം നീണ്ട പഠനത്തിനു ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇവരില്‍ മറ്റു രക്തഗ്രൂപ്പുകളില്‍ പെട്ടവരേക്കാള്‍ എബി രക്ത വിഭാഗക്കാര്‍ക്ക് ഓര്‍മ്മശക്തി ക്ഷയിക്കുന്നതായി കണ്ടെത്തി. മറവിരോഗത്തിനുള്ള പ്രതിവിധികള്‍ കണ്ടെത്തുന്നതില്‍ ശാസ്ത്രത്തിന് വലിയ സംഭാവനകളൊന്നും നിലവില്‍ നല്‍കാനായിട്ടില്ല. കാരണം മറവിരോഗം തുടങ്ങി 10 വര്‍ഷത്തിനു ശേഷമാണ് രോഗി ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നത്. പിന്നീട് രോഗത്തെ ചികിത്സിക്കുകയെന്നത് അസാധ്യമായിത്തീരുന്നു. ലോകത്താകമാനം 4.4 കോടി ജനങ്ങള്‍ക്ക് മറവിരോഗമുണ്ടെന്നാണ് കണക്ക്. 2050 ഓടു കൂടി ഇത് 13.5 കോടിയാവാന്‍ സാധ്യതയുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്.

(Visited 2 times, 1 visits today)