ഉത്തരകൊറിയ മിസൈല്‍ പരീക്ഷണത്തിനൊരുങ്ങുന്നു

0

nk
കൊറിയന്‍ ഉപദ്വീപില്‍ യുദ്ധഭീതി വളര്‍ത്തി, ഉത്തരകൊറിയ മിസൈല്‍ പരീക്ഷണത്തിനൊരുങ്ങുന്നു. ആക്രമണമുണ്ടായാല്‍ നേരിടാന്‍ തയാറാണെന്ന് അമേരിക്കയും അറിയിച്ചു. ഉത്തരകൊറിയയുടെ പരിധിവിട്ട നീക്കങ്ങള്‍ തടയാന്‍ മേഖലയിലെ വന്‍ശക്തി എന്ന നിലയില്‍ ചൈന അടിയന്തരമായി ഇടപെടണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. നേരത്തെ, ഉത്തരകൊറിയയുടെ നീക്കങ്ങളെ ജി8 രാഷ്ട്രങ്ങള്‍ അപലപിച്ചിരുന്നു.

4,000 കിലോമീറ്റര്‍ ശേഷിയുള്ള മധ്യദൂര മസുദാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിക്കാനാണ് ഉത്തരകൊറിയ തയ്യാറെടുക്കുന്നത്. ഇതോടെ, ജപ്പാനും, പസഫിക്കിലെ യുഎസ് താവളമായ ഗുവാമും ഉത്തരകൊറിയയുടെ ആണവപരിധിയിലാകും. മിസൈല്‍ പരീക്ഷണത്തിനുള്ള എല്ലാ തയ്യാറെടുപ്പും പൂര്‍ത്തിയായതായി വിവരം ലഭിച്ചെന്ന് ദക്ഷിണകൊറിയന്‍ വിദേശമന്ത്രി യുന്‍ ബിഗ്‌സെ പറഞ്ഞു.

ഔദ്യോഗികമായി വിവരം പുറത്ത് വിട്ടില്ലെങ്കിലും, ഇനി വിദേശ എംബസികള്‍ക്ക് സുരക്ഷിതത്വം വാഗ്ദാനം ചെയ്യാനാവില്ലെന്ന ഉത്തരകൊറിയയുടെ നിലപാട് ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. ജപ്പാന് മുകളിലൂടെ പറന്നാല്‍, പേട്രയട്ട് പ്രതിരോധ സംവിധാനം ഉപയോഗിച്ച് മിസൈലുകള്‍ വെടിവെച്ചിടുമെന്നും ജപ്പാനും അറിയിച്ചു. ഉത്തര കൊറിയയുടെ സ്ഥാപക നേതാവായ കിം ജോങ് ഇല്ലിന്റെ ജന്മദിനാഘോഷ ദിനമായ ഏപ്രില്‍ 15ന് രാജ്യത്ത് സൈനികശക്തി പ്രകടനം നടത്താനും തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്. അതിനിടെ, ഉത്തരകൊറിയ ആണവപരീക്ഷണങ്ങളുമായി മുന്നോട്ട് പോകുന്നതിനെ ജി.8 രാഷ്ട്രങ്ങളുടെ ഉച്ചകോടി ശക്തമായി അപലപിച്ചു.

(Visited 1 times, 1 visits today)