ഇനി അമേഠി ജില്ലയില്ല

0

ametti
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠി ജില്ലയാക്കിയ ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ഉത്തരവ് അലഹാബാദ് ഹൈക്കോടതി റദ്ദാക്കി. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.
ബ്രിജ് കിഷോര്‍ വര്‍മ എന്നയാള്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ശിവകീര്‍ത്തി സിങ്, ജസ്റ്റിസ് ദേവേന്ദ്രകുമാര്‍ അറോറ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.
സെന്‍സസ് നടപടിക്രമങ്ങള്‍ തുടങ്ങിയാല്‍ ജില്ലാ രൂപവത്കരണം പാടില്ലെന്ന നിയമത്തിന് വിരുദ്ധമായാണ് 2010ല്‍ മായാവതി സര്‍ക്കാര്‍ അമേഠിയെ ജില്ലയാക്കിയതെന്നാണ് കോടതി കണ്ടെത്തിയത്. റായ്ബറേലി, സുല്‍ത്താന്‍പുര്‍ ജില്ലകള്‍ വിഭജിച്ചാണ് അമേഠി ആസ്ഥാനമാക്കി ഛത്രപതി സാഹുജി മഹാരാജ് ജില്ലയ്ക്ക് രൂപം കൊടുത്തത്. അഖിലേഷ് യാദവ് സര്‍ക്കാര്‍ പിന്നീടിതിനെ അമേഠി ജില്ലയെന്ന് പുനര്‍നാമകരണം ചെയ്തു.
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ തന്റെ മണ്ഡലത്തില്‍ കാര്യക്ഷമമായി നടപ്പാക്കാനുള്ള രാഹുലിന്റെ ശ്രമത്തിന് തിരിച്ചടിയാണ് കോടതി ഉത്തരവ്. അമേഠിയെ വി.ഐ.പി. ജില്ലാ പദവിയില്‍നിന്ന് അടുത്തിടെ യു.പി. സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. 24 മണിക്കൂറും മുടങ്ങാത്ത വൈദ്യുതിയടക്കമുള്ള സൗകര്യങ്ങള്‍ വി.ഐ.പി. ജില്ലാ പദവി വഴി രാഹുലിന്റെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് ലഭ്യമായിരുന്നു.

(Visited 3 times, 1 visits today)