ഇടുക്കിയിലും കാസര്‍ഗോഡും ഡെങ്കിപ്പനി പടരുന്നു

0

dengue
ഇടുക്കി, കാസര്‍ഗോട് ജില്ലകളിലെ മലയോര മേഖലകളില്‍ ഡെങ്കിപ്പനി പടരുന്നു. ഇടുക്കി ജില്ലയിലെ അടിമാലിയിലും സമീപ പഞ്ചായത്തുകളിലുമായി ഇതുവരെ 92 പേര്‍ക്ക് രോഗം ബാധിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. 74 പേര്‍ മാത്രം അടിമാലി താലൂക്ക് ആശുപത്രിയില്‍ ഇതുവരെ ചികിത്സ തേടി. നിലവില്‍ 12 പേര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇതില്‍ 3 പേര്‍ കുട്ടികളാണ്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെങ്കിലും ഡെങ്കി വ്യാപനം തടയാനാകാത്തത് ആശങ്കയുണര്‍ത്തുന്നു.
നാല് പേരാണ് ബുധനാഴ്ച്ച മാത്രം ഡെങ്കി പനി ലക്ഷണങ്ങളുമായി ചികിത്സ തേടിയത്. ഓരോ ദിവസത്തിലും ഇത്തരത്തില്‍ രോഗികള്‍ എത്തുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഡെങ്കി പനി നിയന്ത്രണ വിധേയമാക്കാന്‍ കാലതാമസം എടുക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ രണ്ട് മാസത്തിലേറെയായിട്ടും പകര്‍ച്ചവ്യാധി നിയന്ത്രണ വിധേയമാകാത്തതാണ് ഗൗരവമേറിയ വിഷയം.
കാസര്‍കോട് ജില്ലയില്‍ മൂന്നാഴ്ച്ചയ്ക്കിടെ മുപ്പത്തിയെട്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 122 പേര്‍ രോഗം സംബന്ധിച്ച സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലാണ്. കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലും പതിനെട്ട് ഗ്രാമപഞ്ചായത്തുകളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജില്ലയിലെ മലയോര മേഖലയിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം പിടിപെട്ടത്.

(Visited 1 times, 1 visits today)