ആയുധ ഇടപാട് കേസിലെ പ്രതിയ്ക്ക് പോലീസ് കാവലില്ലാതെ ചികില്‍സ

0

arre
ആയുധ ഇടപാട് കേസിലെ പ്രതിക്ക് കോട്ടയം മെഡിക്കല്‍ കോളേജ് വാര്‍ഡില്‍ പോലീസ് കാവലില്ലാതെ ചികിത്സ. കര്‍ണ്ണാടക എ.എം.ഡബ്ല്യു ഫോര്‍ജിംഗ്‌സ് എം.ഡി മുരളീധര ഭാഗവതിനാണ് നിയമവിരുദ്ധമായി ചികിത്സ അനുവദിച്ചത്. പ്രതികള്‍ക്ക് പ്രത്യേക വാര്‍ഡ് ഉള്ളപ്പോഴാണ് ജനറല്‍ വാര്‍ഡില്‍ ബന്ധുക്കള്‍ക്കൊപ്പം ഇയാളെ പ്രവേശിപ്പിച്ചത്.
കാക്കനാട് ജില്ല ജയിലില്‍ കഴിയുകയായിരുന്ന ഇയാള്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയതെന്നാണ് പോലീസ് പറയുന്നത്.
എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് ഹൃദയ സംബന്ധമായി പ്രശ്‌നങ്ങളില്ല എന്നു തെളിഞ്ഞിരുന്നു. മെഡിക്കല്‍ കോളേജില്‍ ഇസിജി പരിശോധിച്ചെങ്കിലും ഹൃദയമിടിപ്പും മറ്റും സാധാരണ ഗതിയിലായിരുന്നു.
നേരത്തെ ഇയാള്‍ ഹൃദയസ്തംഭനമുണ്ടെന്ന് പറഞ്ഞ് ആശുപത്രിയെ സമീപിച്ചിരുന്നെങ്കിലും രോഗം സ്ഥിരീകരിക്കാന്‍ സാധിക്കാത്തതിനാല്‍ ചികിത്സ തുടരാനായില്ല. ഇതേ തുടര്‍ന്നാണ് ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയ ഇയാളെ ആദ്യം ഐസിയുവില്‍ പ്രവേശിപ്പിക്കുകയും പിന്നീട് കാര്‍ഡിയോളജി കെയറിലേക്ക് മാറ്റുകയും ചെയ്തു.
എന്നാല്‍ ഹൃദയ സംബന്ധമായ പ്രശ്‌നം ഇല്ലാത്തൊരാളെ കാര്‍ഡിയോളജിയില്‍ തുടരാന്‍ അനുവദിക്കാന്‍ സാധിക്കാത്തതിനാല്‍ ഇയാളെ ഒന്നാം വാര്‍ഡിലേക്ക് മാറ്റി. വിഷയം മാധ്യമ ശ്രദ്ധയില്‍പ്പെട്ടതോടെ മെഡിക്കല്‍ കോളേജിലെ മറ്റു രോഗികള്‍ക്കൊപ്പം കഴിയുകയായിരുന്ന ഇയാളെ വീണ്ടും ഐസിയുവിലേക്ക് മാറ്റി.
ജയില്‍ സൂപ്രണ്ടിന്റെ പോലും അനുവാദമില്ലാതെയാണ് ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയതെന്നാണ് വിവരം. ജയില്‍പുള്ളികളെ മറ്റു രോഗികള്‍ക്കൊപ്പം ചികിത്സിക്കാന്‍ നിയമം നിഷേധിക്കുമ്പോളാണ് പോലീസിന്റെയും ആശുപത്രി അധികൃതരുടെയും ഒത്താശയോടെ വ്യക്തമായ നിയമ ലംഘനം.

 

(Visited 10 times, 1 visits today)